Friday, 29 July 2011

സ്നേഹത്തിന്‍റെ നീരുറവ ................







                  അമ്മയെയും അനുജത്തിമാരെയും ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ബാലന്‍റെയും  , സ്നേഹ സമ്പന്നനായ രണ്ടാനഛന്‍റെയും   , സ്നേഹം തുളുമ്പുന്ന  ഒരു കഥ പറയുന്ന ചിത്രമാണു മജീദ്‌ മജീദിയുടെ "ഫാദര്‍".
      മെഹ്റോല(ഹസ്സന്‍ സെദിഗി) എന്ന പതിന്നാലു  വയസുകാരന്‍റെ  കഥയാണു "ഫാദര്‍".തന്‍റെ  അഛന്‍റെ  മരണത്തിനു ശേഷം ഒറ്റക്കാകുന്ന അമ്മയെയും തന്‍റെ  മൂന്നു അനിയത്തിമാരെയും സംരക്ഷിക്കാനായി ജോലി തേടി  ഗ്രാമം വിട്ട്‌ പോകാന്‍ നിര്‍ബന്ധിതനാകുന്നു. നാലു മാസം കഴിഞ്ഞ്‌ തിരികെയെത്തുന്ന മെഹ്റോല അറിയുന്നത്‌ അമ്മ വീണ്ടും വിവാഹം കഴിച്ചു എന്ന വാര്‍ത്തയാണ് , ഈ വാര്‍ത്ത അവനെ വളരെയേറെ രോഷം കൊള്ളിക്കുന്നു, വീണ്ടും തിരക്കിയപ്പോള്‍ തന്‍റെ  അമ്മ വിവാഹം കഴിച്ചിരിക്കുന്നത്‌ ഒരു പോലീസുകാരനെയാണെന്നു മനസിലാക്കുന്നു,  അമ്മയുടെ രണ്ടാം വിവാഹം അവനില്‍ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷവും, അത്  പിന്നീട്‌ അവന്‍റെ  ജീവിതത്തില്‍ സംഭവിപ്പിക്കുന്ന പ്രത്യാഘാതങ്ങളുമാണു ഫാദറിലൂടെ മജീദ്‌ മജീദി നമുക്ക്‌ ദ്രിശ്യമാക്കി  തരുന്നത്‌. 
              ഇറാനിയന്‍ ചിത്രങ്ങളെ ലോക സിനിമകളുടെ നെറു കൈയ്യില്‍ എത്തിക്കാന്‍ സുപ്രധാന പങ്കു വഹിച്ച സംവിധായകനാണു മജീദ്‌ മജീദി.        1992 ല്‍  പുറത്തിറങ്ങിയ   " ബാധുക്ക്‌ " ആണു അദേഹത്തിന്‍റെ  ആദ്യ ചിത്രം.കുട്ടികളുടെ അടിമപ്പണി കഥാതന്തുവാക്കിയ ഈ ചിത്രം ലോക സിനിമയില്‍ തന്നെ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. 
               മനുഷ്യബന്ധങ്ങളിലെ എറ്റവും വൈകാരിക ഘടകമായ സ്നേഹത്തിനാണു ഈ ചിത്രത്തിലും മജീദ്‌ മജീദി പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.''ഫാദര്‍ '' എന്ന തന്‍റെ  ഈ ചിത്രത്തിനു വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നതും അദേഹം തന്നെയാണു. 
                 ആദ്യ ചിത്രത്തിലേതു പോലെ തന്നെ കുട്ടി തന്നെയാണു ഫാദറിലേയും കേന്ദ്ര കഥാപാത്രം. തന്‍റെ  കുടുംബത്തെ സംരക്ഷിക്കാന്‍ ജോലി തേടി അന്യ ദേശത്തു പോയി പണിയെടുത്ത്‌ കഷ്ട്ടപ്പെടുന്ന  മെഹ്റോലയെ   പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടാണു ഈ ചിത്രം ആരംഭിക്കുന്നത്‌. വന്നു നാലു മാസത്തിനു ശേഷം വീട്ടിലേക്ക്   മടങ്ങാന്‍ ആഗ്രഹിക്കുന്ന മെഹ്റോല തന്‍റെ  അനിയത്തിമാര്‍ക്ക്‌ വേണ്ടി പുത്തനുടുപ്പുകളും, ആഭരണങ്ങളും തിരയുന്നതും ഇതിനായി അവന്‍ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണം ജോലി ചെയ്ത സ്ഥലത്തു നിന്നും    മേടിച്ചെടുക്കുന്നതുമായ ദ്രിശ്യങ്ങള്‍  ആസ്വാദക മനസുകളെ സന്തോഷിപ്പിക്കുന്ന രംഗങ്ങളാണു. 
            വളരെയേറെ പ്രതീക്ഷകളോടെ വീട്ടിലേക്ക്‌ മടങ്ങിയെത്തുന്ന മെഹറോല വഴിക്കു വെച്ച്‌ തന്‍റെ  കൂട്ടുകാരനെ കാണുകയും അവനില്‍ നിന്നും തന്‍റെ  അമ്മ മറ്റൊരാളെ വീണ്ടും വിവാഹം കഴിച്ചതായുള്ള വാര്‍ത്ത അറിയാനിടയാകുന്നു. കേട്ടത്‌ സത്യമാകില്ല എന്നോര്‍ത്ത്‌ വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത്‌ ശൂന്യമായ വീട്‌. പണം ഉണ്ടാക്കാന്‍ വേണ്ടിയാണു താന്‍ കുടുംബത്തെ വിട്ട്‌ പോയത്‌, ആ പണം തന്നെയാണു അമ്മയില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്ന ചിന്ത അവനില്‍ ഉടലെടുക്കുന്നു, ആകെ തളര്‍ന്ന് പോകുന്ന മെഹറോല  അവന്‍റെ  അമ്മക്കു മുമ്പിലെത്തി നാലു മാസം തന്‍റെ  കുടുംബത്തിനായി കഷ്ട്പ്പെട്ടുണ്ടാക്കിയ പണം വലിച്ചെറിയുന്നത്‌ ഈ ചിത്രത്തിലെ ഏറ്റവും വേദനാജനകമായ രoഗങ്ങളിലൊന്നാണു. 
           ശാന്തനും സ്വതന്ത്രഗതിക്കാരനുമായ മെഹറോലയുടെ  മനസിന്‍റെ  താളം തെറ്റുന്നു, അമ്മ വിവാഹം കഴിച്ച ‌ പോലീസുകാരനെ തന്‍റെ  അഛനായി കാണാന്‍ അവനു സാധിക്കുന്നില്ല, അവരില്‍ നിന്നും മാറി ഒറ്റയ്ക്കു നില്ക്കുന്ന  മെഹറോലയുടെ ചിന്ത എങ്ങനെയേലും തന്‍റെ  കുടുംബത്തിനെ ആ പോലീസുകാരന്‍റെ  കൈയ്യില്‍ നിന്നും രക്ഷിക്കുക എന്നതാണു. രണ്ടാനഛനായിട്ടുകൂടെ മെഹറോലയുടെ അമ്മയേയും അനുജത്തിമാരെയും അദേഹം വളരേയേറെ സ്നേഹത്തോട് കൂടിയാണ് നോക്കുന്നത്,എന്നെങ്കിലും   മെഹറോല മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സ്വന്തം അച്ഛനെ പോലെ അദേഹം കാത്തിരിക്കുന്നു.
      എന്നാല്‍ തനിച്ച്‌ താമസിക്കുന്ന മെഹറോല രോഗത്തിനു പിടിയിലാകുകയും അമ്മയും ,രണ്ടാനഛനും അവനെ വീട്ടിലേക്ക്‌ കൂട്ടികൊണ്ട്‌ വരികയും ചെയ്യുന്നു,അന്നു രാത്രി പോലീസുകാരനായ രണ്ടാനഛനെ അയാളുടെ തന്നെ തോക്ക്‌ കൊണ്ട്‌ മെഹറോല കൊല്ലാന്‍ നോക്കുന്നു, പക്ഷെ സാഹചര്യം അവനെ അതിനു അനുവദിക്കുന്നില്ല. അവന്‍ ആ തോക്കും കൊണ്ട്‌ അടുത്ത്‌ പട്ടണത്തിലേക്ക്‌ ഒളിച്ചോടുന്നു, 
             ബൈക്കിനാല്‍ മെഹറോലയെ പിന്തുടരുന്ന രണ്ടാനഛന്‍ പട്ടണത്തില്‍ വെച്ച്‌  മെഹറോലയെ  പിടികൂടുന്നു.ബൈക്കില്‍ ബന്ധനസ്തനായി ഇരിക്കുന്ന മെഹറോലയുടെയും രണ്ടാനച്ചന്‍റെയും  മനസില്‍ സ്വാഭാവികമായ ദേഷ്യമുണ്ട്‌, അത്‌ പ്രകടവുമാണു. ഇതിനിടയില്‍  മെഹറോല പല തവണ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്‌ പക്ഷെ പെട്ടന്നു തന്നെ  പിടിക്കപ്പെടുകയും ചെയ്യുന്നു.ഈ കള്ളനും പോലീസും കളി നല്ല നര്‍മ്മത്തില്‍ ചാലിച്ച രംഗങ്ങളാണു നമുക്ക് സമ്മാനിക്കുന്നത്. 
             വീട്ടിലേക്കുള്ള യാത്രാ മധ്യേ മരുഭൂമിയില്‍ എത്തിപ്പെടുന്നു, അവിടെ വെച്ച്‌ ബൈക്ക്‌ കേടാകുകയും പിന്നീട്‌ അതു ഉപേക്ഷിച്ച്‌ നടക്കാന്‍  തീരുമാനിക്കുന്നു ,ഈ യാത്ര അവരുടെ രണ്ടു പേരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു.
             വളരെയേറെ കഷ്ട്പ്പാടും ദുരിതവും, സന്തോഷവും നിറഞ്ഞ ഈ യാത്രയുടെ അന്ത്യത്തോടെ  ഈ ചിത്രവും അവസാനിക്കുന്നു. 
                   മികവാര്‍ന്ന അഭിനയ ശൈലിയാണു മുഹമ്മദ്‌ കസബും(രണ്ടാനഛന്‍), ഹസ്സന്‍ സെദിഗിയും(മെഹറോല)ഈ ചിത്രത്തിലൂടെ കാഴച്ച ‌ വെച്ചിരിക്കുന്നത്‌. 
           പ്രതീകാത്മകമായ രംഗങ്ങള്‍, അര്‍ത്ഥഭര്‍ഗമായ സംഭാഷണങ്ങള്‍ ,കാലിക പ്രാധാന്യമുള്ള വിഷയം ഇവയെയൊക്കെ കൂട്ടി യോജിപ്പിച്ചാണു മജീദ്‌ മജീദി ഒരു ചിത്രം ആവിഷ്കരിക്കുന്നത്‌,അതിന്‍റെ  എല്ലാ ചേരുവകളും എല്ലാ ചിത്രങ്ങളിലും അടങ്ങിയിട്ടുമുണ്ട്,  അതിനുത്തമ ഉദാഹരണങ്ങളാണു ഫാദര്‍ ,ചില്‍ഡ്രെന്‍ ഒാഫ്‌ ഹെവന്‍ തുടങ്ങിയ ചിത്രങ്ങള്‍, ഇതില്‍ ഇറാനിയന്‍ ജീവിത രീതിയുടെ  തനിമ നിലനിര്‍ത്തുന്നതും, സാംസ്കാരിക സമ്പന്നതയുടെ മികവ്‌ പ്രതിഫലിക്കുന്നതുമായ ചിത്രങ്ങളില്‍ ഒന്നാണു ''ഫാദര്‍ ''. 


4 comments: