ആസ്ട്രിയന്‍ പര്‍വ്വത നിരകളുടെ മനോഹാരിതയേയും, ജീവിതത്തിലെ കാല്പനികതയുടെ സൗമ്യവും, ദീപ്തവുമായ ദിശാവ്യതിയാനങ്ങളെയും മനോമോഹനമായ രംഗങ്ങളിലൂടെ സംഗീതം എന്ന ഇന്ദ്രജാലം കൊണ്ട് വിളക്കി ചേര്‍ത്തിരിക്കുകയാണു റിച്ചാര്‍ഡ് വൈസ്, ''സൗണ്ട് ഓഫ് മ്യൂസിക്ക്'' എന്ന തന്‍റെ ചിത്രത്തിലൂടെ.
മരിയ(ജൂലീ ആന്‍ഡ്രൂസ്) എന്ന കന്യാസ്ത്രീ യുവതി സംഗീതത്തെ ആത്മാവിലേക്കാവാഹിച്ചവളാണു, സംഗീതം മനസു നിറച്ച്, പാറി നടക്കുന്ന ഒരു പറവയെ പോലെയാണവള്‍. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ചുവരുകള്‍ക്കുള്ളില്‍ അവള്‍ സംതൃപ്തയല്ല. മഠത്തിലെ കര്‍ശനമായ ചിട്ടാവട്ടങ്ങള്‍ക്കപ്പുറം തന്‍റെതായൊരു ലോകം കെട്ടിപ്പെടുക്കാന്‍ പാടുപെടുകയാണു മരിയ, പ്രകൃതിയോട് ഇണങ്ങി, സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന മരിയയെ അവളുടെ ജീവിതത്തിലെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുന്നതിനായി മടത്തില്‍ നിന്നും മാറി തികച്ചും വ്യത്യസ്തമായ രീതികളുള്ള മറ്റൊരു സ്ഥലത്തേക്കു പറഞ്ഞയക്കുന്നു.
വാന്‍ ട്രോപ്പ്( ക്രിസ്റ്റഫര്‍ പ്ലമ്മര്‍) എന്ന വിഭാര്യനായ പട്ടാളക്കാരന്‍റെ ഏഴു കുട്ടികളുടെ ആയ ആയിട്ടാണു മരിയയെ നിയമിക്കുന്നത്.കഠിനമായ പട്ടാള ചിട്ടയോടെയാണ് വാന്‍ ട്രോപ്പ് തന്‍റെ കുട്ടികളെ വളര്‍ത്തുന്നത്, എന്നാല്‍ മരിയ തന്‍റെ സംഗീതത്തിന്‍റെ തുറന്ന ലോകത്ത് കുട്ടികളെ സ്വതന്ത്രരായി തന്നെ വളര്‍ത്തുന്നു, വിക്രുതികളായ കുട്ടികളുടെയും കര്‍ശനക്കാരനായ വാന്‍ ട്രോപ്പിന്‍റെയും മനസില്‍ സംഗീതത്തിലൂടെയും സ്നേഹത്തിലൂടെയും മരിയ ഇടം പിടിക്കുന്നു. ഇത് മരിയയുടെ ജീവിതത്തെ തന്നെ ആകെ മാറ്റി മറിക്കുന്നു. ഇതിനിടയില്‍ നാസികള്‍ ആസ്ട്രിയയുടെ അധികാരം പിടിച്ചടക്കുകയും, ഹിറ്റ്ലറുടെ സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ക്യാപ്റ്റനായ വാന്‍ ട്രോപ്പിനോട് ആവശ്യപ്പെടുന്നു. അങ്ങനെ വലിയൊരു അപകടത്തില്‍ പെടുന്ന വാന്‍ ട്രോപ്പിന്‍റെ കുടുംബം ഇതില്‍നിന്നെല്ലാം രക്ഷപെടുന്നത് സംഗീതം എന്ന മാന്ത്രിക വിദ്യയിലൂടെയാണു.
1941 ല്‍ ഇറങ്ങിയ ''സിറ്റിസണ്‍ കേന്‍'' എന്ന വിഖ്യാത ചിത്രത്തിന്‍റെ എഡിറ്റര്‍ ആണ് റിച്ചാര്‍ഡ് വൈസ് , ഇതിനു അദേഹത്തിനു മികച്ച എഡിറ്റിംഗിനുള്ള ഓസ്കാര്‍ നാമനിര്‍ദേശവും ലഭിച്ചിരുന്നു.1944 ല്‍ പുറത്തിറങ്ങിയ ''ദ കേഴ്സ് ഓഫ് ദ ക്യാറ്റ് പീപ്പിള്‍'' ആണു പ്രഥമ ചിത്രം. ''സൗണ്ട് ഓഫ് മ്യൂസിക്ക്'' എന്ന ചിത്രത്തിലൂടെ അദേഹം തന്‍റെ സംവിധാന വൈഭവത്തെ ശക്തമായി പ്രകടമാക്കുന്നു, ഈ ചിത്രത്തിലൂടെ 1965 ലെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡും വൈസിനു കരസ്ഥമാക്കാന്‍ സാധിച്ചു.
ചിത്രത്തിന്‍റെ കഥയിലും, ഗാനങ്ങളിലും, സംഭാഷണങ്ങളില്‍ പോലും സ്നേഹത്തിന്‍റെ ഇടതൂര്‍ന്ന മധുരം കലര്‍ന്നിരിക്കുന്നു. ടെഡ് മക്കൊഡിന്‍റെ മികവാര്‍ന്ന ക്യാമറ , റിച്ചാര്‍ഡ് റോഡ്ബ്ലോക്കിന്‍റെ വശ്യതയാര്‍ന്ന സംഗീതം, ജൂലീ ആണ്ട്രൂസിന്റെയും , ക്രിസ്റ്റഫര്‍ പ്ലമ്മറുടെയും വിസ്മയമാര്‍ന്ന അഭിനയ പാടവം ഇവയെല്ലാം കൂടി ചേരുന്ന റിച്ചാര്‍ഡ് വൈസിന്‍റെ ''സൗണ്ട് ഓഫ് മ്യൂസിക്ക്'' തികച്ചും ഒരു ക്ലാസിക് ചിത്രം തന്നെയാണ്.
No comments:
Post a Comment