Monday, 26 November 2012

ജീവന്‍ തുടിക്കുന്ന ചിത്രം



ലൈഫ് ഓഫ് പൈ... പേരു സൂചിപ്പിക്കുന്നതു പോലെ ജീവന്‍ തുടിക്കുന്ന ചിത്രം. സമുദ്രയാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് ഒരു ലൈഫ് ബോട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന പൈ എന്ന യുവാവിന്റെയും റിച്ചാര്‍ഡ് പാര്‍ക്കറിന്റെയും(റിച്ചാര്‍ഡ് പാര്‍ക്കറെന്നത് മറ്റാരുമല്ല ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായ ബംഗാളി കടുവയാണ്.) അതിജീവനത്തിന്റെയും ഉത്തമവിശ്വാസത്തിന്റെയും ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമാണ് ആങ് ലീയുടെ ലൈഫ് ഓഫ് പൈ.

പോണ്ടിച്ചേരിയിലെ പൈ പട്ടേല്‍ എന്ന ബാലന്റെ ജീവിതമാണ് സിനിമയുടെ ആധാരം. മൃഗശാല നടത്തിപ്പുകാരനാണ് പൈയുടെ അച്ഛന്‍. അടിയന്തരാവസ്ഥകാലത്ത് പെട്ടെന്ന് പൈയുടെ കുടുംബത്തിന് ഇന്ത്യ വിടേണ്ടി വരുന്നു. മൃഗങ്ങളെയും കൂട്ടി കുടുംബത്തോടൊപ്പം പൈയുടെ കുടുംബം കടല്‍ മാര്‍ഗം കാനഡയിലേക്ക് പോകുന്നു. സമുദ്രയാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് ഒറ്റപ്പെട്ടു പോകുന്ന പൈ, ഒരു ലൈഫ്‌ബോട്ടില്‍ ഒരു സീബ്ര, ബംഗാള്‍ കടുവ, ഒറാങ് ഊട്ടാന്‍, കഴുതപ്പുലി എന്നീ മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടിവരുന്നു. എന്നാല്‍ വന്യസ്വഭാവമുള്ള കഴുതപ്പുലി സീബ്രയെയും ഒറാങ് ഊട്ടാനെയും കൊന്ന് ഭക്ഷണമാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ റിച്ചാര്‍ഡ് പാര്‍ക്കര്‍ വന്ന് അവനെയും തട്ടി കളയുന്നു. കഴുതപ്പുലിയെ കൊല്ലാന്‍ വരുന്ന പാര്‍ക്കറുടെ വരവ്... ഒരു വരവ് തന്നെയാണ്. അവസാനം ലൈഫ് ബോട്ടില്‍ പൈയും ശൗര്യനായ കടുവയും മാത്രം. ഇരുവരും നടത്തുന്ന 227 ദിവസത്തെ സാഹസിക യാത്രയാണ് നോവലിന്റേയും സിനിമയുടേയും കഥാതന്തു.

കടുവയും പൈയും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഇരുവരുടെയും സന്ദേശ കൈമാറ്റങ്ങളും തികച്ചും യാഥാര്‍ത്ഥ്യത്തോടെ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചെന്നുള്ളതാണ് ആങ് ലീയുടെ വിജയം. പട്ടിണിയും അന്തമില്ലാത്ത അലച്ചിലും ജീവിതത്തിന്റെ ഏകാന്തതയും മനുഷ്യനെയും മൃഗത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും അതെങ്ങനെ കൂടികലര്‍ന്നിരിക്കുന്നുവെന്നും ഈ മാസ്റ്റര്‍ പീസിലൂടെ വിഖ്യാത സംവിധായകന്‍ ആങ് ലീ തെളിയിച്ചു തരുന്നുണ്ട്. വിശപ്പ് മൂലം തളര്‍ന്ന് കിടക്കുന്ന കടുവയെ തന്റെ മടിയില്‍ കിടത്തി തലോടുന്ന പൈയെ ഓര്‍ത്താല്‍ ഇത് വ്യക്തമാകും. മനുഷ്യന്റെയും മൃഗങ്ങളുടെയും ഉള്ളിലുള്ള ചേതോ വികാരങ്ങളുടെ എല്ലാ രൂപഭാവങ്ങളുമിണങ്ങിയ ഈ ചിത്രം ഒരത്ഭുതം തന്നെയാണ്.


1992 ലിറങ്ങിയ പുഷിംഗ് ഹാന്‍ഡ്‌സ് എന്ന ചിത്രം സംവിധാനം ചെയ്താണ് ആങ് ലീ ചലച്ചിത്രരംഗത്തെത്തുന്നത്.  2000ത്തിലിറങ്ങിയ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, 2003 ലിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ഹള്‍ക് അദേഹത്തിന്റെ സൃഷ്ടികളില്‍ പ്രസിദ്ധങ്ങളാണ്. ഈ രണ്ട് ചിത്രങ്ങളിലും ആങ് ലീ എന്ന സംവിധായകന്റെ വൈഭവം നമുക്ക് അനുഭവിച്ചറിയാനാകും. ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ 2001ല്‍ മികച്ച ഛായാഗ്രഹണം, മികച്ച വിദേശ ചിത്രമുള്‍പ്പടെ നാല് അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


2005 ലിറങ്ങിയ  'ബ്രോക്ക് ബാക്ക് മൌണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാദമി പുരസ്‌കാരം നേടിയാണ് ആങ് ലീ ലോക പ്രശസ്തനാകുന്നത്. ഒരു പക്ഷേ അദ്ദേഹത്തിന്റെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിത്രമായിരിക്കും ലൈഫ് ഓഫ് പൈ. സയന്‍സ് ഫിക്ഷനും, സാങ്കേതികവിദ്യകള്‍ക്കും തന്റെ ചിത്രങ്ങളില്‍ അതിന്റേതായ പ്രാധാന്യം ആങ് ലീ കൊടുക്കുന്നുണ്ട്. ഗ്രാഫിക്‌സിന്റെയും, അതിനൂതനമായ സാങ്കേതിക വിദ്യകളാണ് ചിത്രത്തിനായി ആങ് ലീ ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കടുവയെന്ന സ്വപ്ന സാക്ഷാത്കാരം ഇത് പ്രകടമാക്കുന്നു. സി.ജി.ഐ ഇഫക്റ്റാണ് ഇതിനായി ആങ് ലീ ഉപയോഗിച്ചിരിക്കുന്നത്.

നാല് കടുവകളെയാണ് റിച്ചാര്‍ഡ് പാര്‍ക്കറാക്കാന്‍ ആങ് ലീ ഉപയോഗിച്ചത്. കടുവ പേടിക്കുന്ന രംഗങ്ങളും മറ്റും ചിത്രീകരിച്ചത് കൂട്ടത്തിലുള്ള രണ്ട് പെണ്‍ കടുവകളെ ഉപയോഗിച്ചാണ്. ഒരു രാജാവിന്റെ ശൗര്യത്തോടെ ഗര്‍ജ്ജിക്കുകയും, കടലില്‍ നീന്തുന്ന രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നതും ഫ്രാന്‍സില്‍ നിന്നും കൊണ്ടു വന്ന ഒരു കടുവയാണ്. അവശനായ റിച്ചാര്‍ഡ് പാര്‍ക്കറായതോ ഒരു കനേഡിയന്‍ കടുവയും. എന്തായാലും ചിത്രത്തില്‍ ഈ നാലു പേരും കലക്കിയിട്ടുണ്ട്. വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമാണ് ഗ്രാഫിക്‌സിന്റെ സഹായം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കടുവയെ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. അതാകട്ടെ യഥാര്‍ത്ഥ കടുവയെ വെല്ലുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതും. ഇത് അത്യന്തം പ്രശംസനീയവുമാണ്. കാരണം ചിത്രം കാണുന്ന പ്രേക്ഷകന് ഈ തരം തിരിവ് ഒട്ടും പ്രകടമാകുന്നില്ല.

ഹോളിവുഡിന്റെ ടെക്‌നോളജിക്കല്‍ പെര്‍ഫെക്ഷനിസ്റ്റ് ജയിംസ് കാമറൂണ്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത് മാസ്റ്റര്‍ പീസെന്നാണ്. വിസ്മയം തീര്‍ക്കുന്നൊരു പരീക്ഷണം എന്നാണ് ഈ ചിത്രത്തെ കുറിച്ച് ജീന്‍ ലുക് ഗൊദാര്‍ദ് വിശേഷിപ്പിച്ചത്.

കനേഡിയന്‍ എഴുത്തുകാരന്‍ യാന്‍ മാര്‍ട്ടല്‍ എഴുതിയ 'ലൈഫ് ഓഫ് പൈ'  എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. നോവലിന് ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അക്ഷരങ്ങള്‍ ഫ്രയിമുകളാകുന്നത് ചിന്തിക്കുമ്പോള്‍ എളുപ്പമുള്ള സംഗതിയാണ്. പ്രത്യക്ഷത്തില്‍ പ്രയാസവും. ലൈഫ് ഓഫ് പൈ എന്ന ബുക്ക് നേരത്തെ വായിച്ചിട്ടുള്ള ആങ് ലീ, ഈ കഥ ചലച്ചിത്രമാക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. അടിയുറച്ച വിശ്വാസത്തെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. ആ വിശ്വാസം തന്നെയാണ് ഇത്രയും വലിയൊരു പദ്ധതി ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആങ് ലീ പറഞ്ഞിട്ടുണ്ട്. യാനിന്റെ തൂലികയില്‍ ഉടലെടുത്ത മാസ്റ്റര്‍ പീസ് അഭ്രപാളികളിലും മാസ്റ്റര്‍പീസാക്കാന്‍ ആങ് ലീക്ക് സാധിച്ചുവെന്നതാണ്.

ഇന്ത്യന്‍ സംസ്‌കാരത്തെയും മതാധിഷ്ഠിത ചിന്താധാരകളെയും ആഴത്തില്‍ സ്പര്‍ശിച്ചു പോകുന്ന ചിത്രത്തില്‍ ഹോളിവുഡ് ശൈലിയിലുള്ള കഥ പറച്ചില്‍ തന്നെയാണ് വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യയുടെ മൂന്ന് മത സംസ്‌കാരങ്ങളെയും അതിന്റെ വിശ്വാസങ്ങളെയും പറഞ്ഞു പോകുന്നുണ്ട്. ക്രിസ്തുവിനെ തനിക്ക് പരിചയപ്പെടുത്തിയത് മഹാവിഷ്ണുവാണെന്ന് വിശ്വസിക്കുന്നവനാണ് ബാലനായ പൈ.

കഥയുടെ ഭൂരിഭാഗവും നടക്കുന്നത് നടുകടലിലാണ്. കടലിലെ അത്ഭുതഫ്രെയിമുകള്‍ കിടിലം കൊള്ളിക്കും. ഓരോ ഫ്രയിമുകളിലേക്കും ഇറങ്ങി ചെല്ലാന്‍ ഈ ചിത്രം പ്രേക്ഷകരെ പ്രേരിപ്പിക്കും. ആഴക്കടലിലെ ഉദ്വേഗമുണര്‍ത്തുന്ന നിമിഷങ്ങള്‍ അത്രത്തോളം ഉദ്വേഗത്തോടെ ക്യാമറയിലാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആഴക്കടലിന്റെ ക്ഷോഭവും തിരമാലകളുടെ ശൗര്യവും കാണിക്കുന്നതോടൊപ്പം ശാന്തമായ കടലിന്റെ മനോഹാരിതയും ചിത്രത്തില്‍ കാണുവാന്‍ സാധിക്കും. പ്രത്യേകിച്ചും രാത്രിയിലുള്ള കടലിന്റെ വശ്യത കണ്ടു തന്നെ അനുഭച്ചറിയേണ്ട ഒന്നാണ്. ശിവാജി ഗണേശന്റെ വസന്തമാളികയുടെ പോസ്റ്ററും ഇടക്കു വന്നു പോകുന്നുണ്ട്.


ദൈവത്തിന്റെ ലോകം പുനഃസൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്.  ദൈവത്തിന്റെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം നമുക്ക് കാണുവാനും അനുഭവിച്ചറിയാനും സാധിക്കുന്നുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് പൈയും കടുവയും കാര്‍ണിവറസ് ദ്വീപില്‍ അകപ്പെടുന്ന രംഗങ്ങള്‍. രക്ഷപ്പെട്ടെന്നോര്‍ക്കുന്ന പൈയുടെ അരികില്‍ കായ്ഫലത്തിന്റെ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് മരണത്തില്‍ നിന്നും രക്ഷപെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നത്. ദ്വീപിന്റെ വിദൂര ദൃശ്യത്തില്‍ മറ്റൊരു അത്ഭുതം കൂടി ആങ് ലീ നമുക്ക് കാണിച്ചു തരുന്നുണ്ട്. ചിത്രത്തില്‍ എന്നെ വളരെയധികം ചിന്തിപ്പിച്ച ദൃശ്യം കൂടിയാണിത്.

കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും  കഥ കൊണ്ടു പോകുന്ന രീതിയിലും ആങ് ലീ ശക്തമായ ആധിപത്യം ഉള്‍ക്കൊണ്ടിട്ടുണ്ട്.   മുഖ്യ കഥാപത്രമായ പൈ എന്ന കൗമാരക്കാരനെ അവതരിപ്പിച്ചിരിക്കുന്നത് നവാഗതനായ സൂരജ് ശര്‍മയാണ്.

സൂരജിന്റെ അഭിനയം ലൈഫ് ഓഫ് പൈയുടെ ഏറ്റവും എടുത്ത പറയാവുന്ന പ്രത്യേകതയാണ്. കാസ്റ്റ് എവേ എന്ന ചിത്രത്തിലെ ടോം ഹാങ്ക്സിന്റെ പ്രകടനത്തോട് സാമ്യപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും നവാഗതന്‍ എന്ന നിലയില്‍ അസാമാന്യ അഭിനയമാണ് സൂരജ് ശര്‍മ്മ കാഴ്ച്ചവെച്ചിരിക്കുന്നത്. ശാരീരികമായ മാറ്റങ്ങളും മറ്റും വളരെ കൃത്യതയോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മദ്ധ്യവയസ്‌കനായ പൈയെയാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. എന്നത്തെയും പോലെ ഈ ചിത്രത്തിലും അദേഹം തിളങ്ങി നില്‍ക്കുന്നു.

പൈയുടെ അമ്മയായി തബു അഭിനയിക്കുന്നു. റാഫ് സ്പാളാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദില്‍ ഹുസൈന്‍, ശ്രാവന്തി സായിനാഥ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജീവിതത്തിന്റെ അകക്കാമ്പുകളെ തൊട്ടറിയുന്ന ഒരേ ഒരു കഥാപാത്രം റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ബംഗാള്‍ കടുവയാണ്. ഈ കടുവ പ്രേക്ഷകരെ പേടിപ്പിക്കുക മാത്രമല്ല മനസു നോവിക്കുകയും ചെയ്യും.


മൈക്കള്‍ ഡാന്നയുടെ ഇമ്പമാര്‍ന്ന സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ബോംബെ ജയശ്രീയുടെ മനോഹരശബ്ദത്തിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ ചെയ്തിരിക്കുന്നത്.

ക്ലോഡിയോ മിറാണ്ടയുടെ വശ്യതായാര്‍ന്ന ഛായാഗ്രഹണമാണ് മുഖ്യമായ ആകര്‍ഷണം. ചിത്രങ്ങളിലെ ഓരോ ഷോട്ടും, സ്വീകന്‍സും അര്‍ത്ഥ പൂര്‍ണ്ണവും , അനിവാര്യവുമായ അര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. കണ്ണിനു കുളിര്‍മ്മയേകുന്ന അതിമനോഹര രംഗങ്ങള്‍ ഉടനീളമുള്ള മറ്റൊരു ചിത്രവും ഇതുവരെ ഉണ്ടായിട്ടില്ലെന്നു വേണം കരുതാന്‍. പ്രത്യേകിച്ചും മാജിക്കല്‍ ദ്വീപിലെ മീര്‍ക്യാറ്റ്സുകളെ പകര്‍ത്തിയിരിക്കുന്നത്. ഓരോ ഫ്രെയിമുകളും അത്ര മനോഹരമായാണ് അദേഹം ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്.  മൂന്നാര്‍, പോണ്ടിച്ചേരി, തായ്‌വാന്‍ എന്നിവിടങ്ങളിലാണ് പൂര്‍ണ്ണമായും ലൈഫ് ഓഫ് പൈ ചിത്രീകരിച്ചിരിക്കുന്നത്.

അവതാര്‍ പോലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലുപയോഗിച്ചതു പോലുള്ള 3 ഡിയുടെ അമിതമായ ഉപയോഗം ഈ ചിത്രത്തിലില്ല. ജയിംസ് കാമറൂണ്‍ അവതാറില്‍ സാങ്കല്‍പ്പികമായൊരു ലോകമാണ് സൃഷ്ടിച്ചതെങ്കില്‍ ആങ് ലീ നമ്മുടെ ലോകത്തെ തന്നെ പുനഃസൃഷ്ടിക്കുകയാണ് ചെയ്തത്. ഇത്രയും മനോഹരമായ ലോകം അതു 3 ഡിയില്‍ കാണുമ്പോള്‍ അതിലും മനോഹരമാകുന്നു. സാങ്കല്‍പ്പികമായ ഒരു സൃഷ്ടികളും തന്റെ ചിത്രത്തില്‍ ആങ് ലീ ഉപയോഗിച്ചിട്ടില്ല.


ചിത്രത്തിന്റെ ടൈറ്റില്‍ ഭാഗങ്ങളിലും, പറക്കും മത്സ്യങ്ങള്‍ നമ്മുടെ കണ്ണുകളിലേക്ക് അടിച്ച് കയറുമ്പോഴും 3 ഡി നന്നായി തന്നെ ആസ്വദിക്കാന്‍ സാധിച്ചു. എന്തായാലും കടുവയുടെയും പൈയുടെയും ഈ സാഹസികയാത്ര ആസ്വാദക മനസുകളെ കീഴടക്കാന്‍ പര്യാപ്തമാകുന്നു എന്നു തെളിയിക്കുകയാണു ഈ ചിത്രത്തിന് കിട്ടുന്ന പ്രശംസകള്‍.

തികച്ചും യാഥാര്‍ത്ഥ്യമായൊരു അവസാനമാണ് ചിത്രത്തിന്റേത്. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലൂടെ ആങ് ലീ പ്രേക്ഷകര്‍ക്കു നല്‍കുന്ന ഒരു സന്ദേശവും ചിലപ്പോള്‍ ഈ അവസാന നിമിഷം തന്നെയായിരിക്കാം. ഇല്ലായ്മയില്‍ നിന്നാണ് ആവശ്യമായ കാര്യങ്ങള്‍ ലഭിക്കുന്നതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മിഥ്യാബോധത്തില് ചിന്തിച്ച് കഴിഞ്ഞാല്‍ പലതും നമുക്ക് തെളിയിക്കാനാകും. ആങ് ലീയുടെ ഈ ചിന്താഗതിയില്‍ നിന്നായിരിക്കാം ലൈഫ് ഓഫ് പൈ എന്ന പൂര്‍ണ്ണതയുടെ ഈ ചിത്രം ഉടലെടുത്തത്.

ഈ കഥയ്‌ക്കൊരു ആകൃതിയുണ്ട്, ആരംഭമുണ്ട്, പകുതിയുണ്ട് , അവസാനമുണ്ട്.. നന്മയുണ്ട്...

No comments:

Post a Comment